ലക്നോ: മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വം അഹിംസ ആയിരിക്കണമെന്നും എന്നാൽ രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുന്നവർക്കെതിരെ ബലപ്രയോഗം അത്യാവശ്യമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലക്നോവിൽ നൗസേന ശൗര്യ വാടിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. സുരക്ഷിതമായ അന്തരീക്ഷത്തിൽ മാത്രമേ വികസനം സാധ്യമാകൂ എന്നും ദേശീയ സുരക്ഷയ്ക്കും സായുധ സേനയോടുള്ള ആദരവിനും നാം വലിയ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സുരക്ഷിതമായിരിക്കുമ്പോൾ മാത്രമേ വികസന പ്രവർത്തനങ്ങൾ പൂർണതോതിൽ നടപ്പിലാക്കാൻ സാധിക്കൂ. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികരെയും അവരുടെ ത്യാഗത്തെയും ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
"മനുഷ്യരാശിയുടെ യഥാർഥ മതം അഹിംസ ആയിരിക്കണം. എന്നാൽ ആരെങ്കിലും രാജ്യത്തിനും സമൂഹത്തിനും ഭീഷണിയായാൽ അവിടെ അഹിംസ കൊണ്ട് കാര്യമില്ല. അത്തരം സാഹചര്യങ്ങളിൽ ബലപ്രയോഗം അനിവാര്യമായി മാറും," മുഖ്യമന്ത്രി പറഞ്ഞു.
അഹിംസയാണ് പരമമായ ധർമം, എന്നാൽ ധർമസംരക്ഷണത്തിനായുള്ള ഹിംസയും അതുപോലെതന്നെ ധർമമാണ് എന്ന പ്രശസ്തമായ സംസ്കൃത ശ്ലോകം ഉദ്ധരിച്ചാണ് യോഗി ആദിത്യനാഥ് തന്റെ നിലപാട് വ്യക്തമാക്കിയത്. അഹിംസ ഉത്തമമായ ഗുണമാണെങ്കിലും, നീതിയുടെയും ദേശീയ സുരക്ഷയുടെയും സംരക്ഷണത്തിനായി ശക്തി ഉപയോഗിക്കുന്നത് പൂർണമായും ന്യായമാണെന്ന് അദ്ദേഹം വിശദീകരിച്ചു.